Wednesday, September 22, 2010

ഉണ്ണികള്‍

ഉണ്ണികള്‍ ഉണ്ണി മാങ്ങ
കണ്ട കാലം കഴിഞ്ഞു
മുലപ്പാലില്‍ അക്ഷരം
കോറികൊടുക്കുന്നു
ഉന്തു വണ്ടിപോല്‍
ഉന്തിക്കൊടുക്കുന്നു
ഉണ്ണാനുരുട്ടിക്കൊടുക്കുന്നു
ഉടുപ്പിച്ചു കൊടുക്കുന്നു
ഉറക്കം തികട്ടിയാല്‍
കണ്ണില്‍ വെള്ളമൊഴിക്കുന്നു
കാല്‍ നനയ്ക്കുന്നു
ഷോക്കടിക്കും കസാലയില്‍
പടിക്കാനിരുത്തുന്നു....
ഉണ്ണികള്‍ മുഴുത്താല്‍
മുണ്ട് മുറുക്കുന്നു
ഉന്തുവണ്ടി വാങ്ങുന്നു
അപ്പനമ്മയെയുന്താന്‍
ആളെയുമാക്കുന്നു......

Friday, September 10, 2010

ഒറ്റക്ക് നീന്തുമ്പോള്‍

ഒറ്റക്ക് നീന്തുമ്പോള്‍ എന്നില്‍
ആഴങ്ങളും ആകുലതകളും ആണ്
കരിം ചീന വലയായി ഇന്നലെ
കാലില്‍ ഉടക്കി വലിക്കുന്നു
പരപ്പില്‍ കാല്‍ വഴുക്കുന്നു
കയത്തില്‍ ശ്വാസം കിതയ്ക്കുന്നു
പകല്‍ വെളുത്ത് മോന്തി വരെ
ഞാന്‍ കൈകാലിട്ടടിക്കുന്നു
കൈ കഴുകി അന്തിയുറങ്ങുന്നു
അച്ഛനമ്മാവന്മാരുടെ നിഷ്ഠകളില്‍
ശരിയുടെ നിനവറിയുന്നു
മണ്ണിട്ടുമൂടിയ തറവാടും പാടവും
സ്വപ്നങ്ങളില്‍ നിറയുന്നു
ഒറ്റയ്ക്ക് നീന്തുമ്പോള്‍ ഞാനിന്ന്‍
പറിച്ചെറിഞ്ഞ കാട്ടുവള്ളികള്‍
തിരയുന്നു; ഒരുമിച്ചു നീന്തുവാന്‍
ഹൃദയം തുടിക്കുന്നു ........

Wednesday, September 1, 2010

അരികിലെങ്കിലും...

ഗ്രീഷ്മ താഴ്വാരങ്ങളിലെ

പൊന്‍ കമ്പളം മൂടിയ

ആട്ടിടയന്‍ ഞാന്‍...

തവണയെത്ര കണക്കെടുത്താലും

കൂട്ടത്തിലൊന്ന് കുറവെന്ന്

ഞാന്‍ ശങ്കിക്കുന്നു...

മുള്‍പടര്‍പിലും

കരിമ്പാറക്കൂട്ടത്തിനിടയിലും

ഞാന്‍ ഇന്നും തിരയുന്നു...

എന്നും ഞാന്‍ നെഞ്ചോടു

ചേര്‍ത്തു പിടിക്കാന്‍ കൊതിച്ച

തണുവില്‍ എന്‍റെ മാറില്‍

പതിഞ്ഞുറങ്ങുന്ന

തലോടലില്‍ തലതഴ്ത്തുന്ന

എന്‍റെ കുഞ്ഞാടിനെ...

എന്‍റെ കാലയലത്തു നിന്നും

മാറാത്ത പഞ്ഞിരോമാക്കെട്ടുള്ള

എന്‍റെ മാത്രം കുഞ്ഞാടിനെ......

എന്നെ...

വാക്കുകളുടെ യുദ്ധക്കളത്തില്‍

ഞാന്‍ പരാജിതനായ

പോരാളിയാണ്.........

എന്നെ രക്തസാക്ഷികളുടെ

കൂട്ടത്തില്‍ കുഴിച്ചിട്ടേക്കുക........